December 07, 2008

മാറാടു കൂട്ടക്കൊലയും മാർക്സിസ്റ്റുനിലപാടുകളും

ആമുഖം (Click here to skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’

(പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണിവയിൽ. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

മാറാടും മാർക്സിസ്റ്റുകളും

മലയാളത്തിലെ അഭിനേതാക്കളിൽ, ഇടതുപക്ഷ ആഭിമുഖ്യം ഇപ്പോളും തുടരുന്ന ചിലർ അതു മറച്ചുവയ്ക്കാതെ തന്നെ ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത്, മദനിയുടെ ഭാര്യ ഇടതുമുന്നണിയ്ക്കു വേണ്ടി പ്രചാരണം ആരംഭിച്ചപ്പോൾ, നടൻ മുരളിയും ഒപ്പമുണ്ടായിരുന്നുവെന്നാണ് ഓർമ്മ.

ഇതിന്റെ മറുവശത്ത്, ചില ഇടതുനേതാക്കൾ മികച്ച അഭിനേതാക്കൾ കൂടിയാണെന്നതും ശ്രദ്ധേയമാണ്. മാറാടു കൂട്ടക്കൊലക്കേസിൽ അന്വേഷണവും വിചാരണയും വിധിനിർണ്ണയവുമൊക്കെ കഴിഞ്ഞ് വിധി പ്രസ്താവിക്കാൻ ഒരുങ്ങുമ്പോളാണ് ആഭ്യന്തരമന്ത്രി ഒരു ആവശ്യം മുന്നോട്ടു വച്ചു കണ്ടത്.

മാറാടു കൂട്ടക്കൊലക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമത്രേ!

ചരിത്രപരമായ മലക്കം മറിച്ചിൽ!

ഇനിയിപ്പോൾ എന്നന്വേഷിച്ച് എന്തു കണ്ടു പിടിക്കണമെന്നാണോ എന്തോ?

ഒരു ഡി.വൈ.എഫ്.ഐ. നേതാവ് ആവശ്യപ്പെട്ടതാകട്ടെ “എൻ.ഡി.എഫിന്റെ വിദേശബന്ധം അന്വേഷിക്കണ”മെന്നായിരുന്നു!

:-)

ഒന്നാന്തരം പ്രഹസനവും അതിനൊത്ത അഭിനയവും എന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ചൊന്നും പറയേണ്ടതില്ല.

പെട്ടെന്നിങ്ങനെയൊക്കെ ഓരോ വെളിപാടുണ്ടാകുന്നതു വരെ, എന്തായിരുന്നു എല്ലാവരുടേയും നിലപാടെന്നും, എന്താണിപ്പോൾ ഒരു നയം‌മാറ്റത്തിനു കാരണമെന്നും ചോദിക്കാതെ വയ്യ.

മാറാട്ടെ കൂട്ടക്കൊലയ്ക്കു പിന്നിലെ വലിയ ഗൂഢാലോചന – സംഘടനകളുടെ പങ്ക് – വിദേശബന്ധം – ഇവയേപ്പറ്റിയൊക്കെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ വന്നിട്ട് കാലമൊരുപാടായതാണ്. പക്ഷേ, വിശദമായി അതൊക്കെയൊന്ന്‌ അന്വേഷിക്കണമെന്ന് ഇതുവരെയാർക്കും തോന്നിയതായിക്കണ്ടിരുന്നില്ല.

എൻ.ഡി.എഫിന്റെ വിദേശബന്ധമൊന്നുമല്ല – മറിച്ച്, കേരളത്തിലെ ചില ഹൈന്ദവമഠങ്ങൾക്കും ആത്മീയപ്രവർത്തകർക്കുമൊക്കെ വിദേശത്തുനിന്നും ധനസഹായം കിട്ടുന്നുവെന്നതായിരുന്നു ഇത്രയും കാലം ഒരു വലിയ പ്രശ്നമൊക്കെയായി മാർക്സിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റുബന്ധമുള്ള ചില ക്രിമിനലുകൾ കുറച്ചുനാൾ കാവിയുടുത്തു നടന്നതിന്റെ പേരിൽ ആരാധ്യരായ ആത്മീയാചാര്യന്മാരെ പലരേയും താറടിക്കാനും ശാരീരികമായും മാനസികമായുമൊക്കെ ഉപദ്രവിക്കാനുമായിരുന്നു അവർ സമയം ചെലവഴിച്ചിരുന്നത്.

തീവ്രവാദസ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുടെ വിദേശബന്ധവും ധനസ്രോതസ്സുമൊക്കെ അന്വേഷിക്കണമെന്ന് ഇതുവരെ തോന്നാതിരുന്നതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടവ തന്നെയാണ്. മാറാടു കേസുകളിലെ പ്രതിപ്പട്ടികയിലെ സി.പി.എം. മുഖങ്ങളേപ്പറ്റി ആലോചിച്ചുകൊണ്ടുതന്നെ വേണം അത്തരമൊരു അന്വേഷണം ആരംഭിക്കാൻ. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്ന ആദ്യകലാപത്തിലെ പ്രതികളിൽ സി.പി.എമ്മുകാരുടെ എണ്ണം എഴുപത്തിയെട്ടാ(78)ണത്രേ. രണ്ടാമതു നടന്ന ഏകപക്ഷീയമായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരായ പ്രതികളുടെ എണ്ണം നാൽപ്പത്തിമൂന്നും(43). ഒരു അന്വേഷണം വേണമെന്നൊക്കെ തോന്നാതിരുന്നതിനു പിന്നിൽ അതായിരിക്കുമോ കാരണമെന്നറിയില്ല.

എന്തായാലും, ഒരുകാര്യം ശ്രദ്ധേയമാണ്:-

ഇപ്പോളീ കണ്ട ആവേശം പുതുതാണ്.
അതിൽ ആത്മാർത്ഥതയില്ലെന്നു തീർച്ചയുമാണ്.

എൻ.ഡി.എഫിന്റെ മുഖപത്രം ഗൾഫിൽ പ്രചരിപ്പിക്കുന്നതിനു തടസ്സം നിന്നതായി അനുഭവപ്പെട്ട ഒരാൾ നാട്ടിൽ വന്നിട്ട് തിരിച്ചുപോകാനായി എയർപോർട്ടിലേക്കു പോകുമ്പോൾ, വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. അതൊന്നും ഒരു പക്ഷേ മാർക്സിസ്റ്റുകൾ അറിഞ്ഞിരിക്കില്ല. അറിഞ്ഞെങ്കിൽത്തന്നെ ആകസ്മികമായിത്തോന്നിയിരിക്കണം. എന്തായാലും, അന്നൊന്നും ഈ വിദേശബന്ധത്തേപ്പറ്റി അനങ്ങിക്കണ്ടില്ല.

മാറാട്ട് കൂട്ടക്കൊലയ്ക്കു ശേഷം, അതിനു പിന്നിൽ പ്രവർത്തിച്ചവരെ സമ്പൂർണ്ണമായി തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നുവോ മാർക്സിസ്റ്റുകാർ പ്രതികരിച്ചത് എന്നൊന്ന് ഓർത്തു നോക്കുന്നതു നന്നായിരിക്കും. കോളിളക്കമുണ്ടാക്കിയ ആ സംഭവത്തിൽ, ചടങ്ങിനുള്ള പ്രസ്താവനകൾ നടത്തിയതല്ലാതെ, അടിത്തട്ടിൽ നോക്കിയാൽ അനങ്ങാപ്പാറ നയം തന്നെയായിരുന്നു. രഹസ്യമായി ആഘോഷിച്ചിട്ടു പോലുമുണ്ടാവും എന്നാരെങ്കിലും സംശയിച്ചാലും കുറ്റം പറഞ്ഞുകൂടാ.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റുമായ സ്ത്രീകൾ വളരെ ക്ഷോഭത്തോടെയും അതിവൈകാരികതയോടെയും പ്രതികരിച്ച ചില സന്ദർഭങ്ങളിൽ, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവരെ അധിക്ഷേപിക്കുകയും മാത്രം ചെയ്തതും മറക്കാവതല്ല.

മാർക്സിസ്റ്റുകളുടെ മാത്രമല്ല – പ്രതികരണക്കാർ പലരുടെയും ശൈലി ഏതാണ്ട് ഒന്നു തന്നെയായിരുന്നു. ആദ്യമൊക്കെ സകലരും മിണ്ടാതിരുന്നു. അരയസമുദായം തിരിച്ചടിക്കുമെന്നും പ്രതികരണം അപ്പോളാവാമെന്നും കരുതി കുറച്ചുനാൾ കാത്തിരുന്നു. അവർ പക്ഷേ അത്ഭുതകരമായ സംയമനം പാലിക്കുന്നുവെന്നും ഇനിയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ ചിലർ കാത്തിരുപ്പു മതിയാക്കി ചാടിയിറങ്ങി പ്രകടനങ്ങൾ നടത്തിത്തുടങ്ങി. കേരളം സ്തംഭിപ്പിച്ചുകളയുമത്രേ - എന്താകാര്യം? - “മറിയംബിയുടെ പുനരധിവാസം താമസിക്കുന്നു”!!! അല്ലാതെ, കൂട്ടക്കൊലയല്ല പ്രശ്നം!

ലഘുവായ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഊതിവീർപ്പിച്ച് വർഗ്ഗീയമായി ആളിക്കത്തിച്ച് രാഷ്ട്രീയമായി അതു മുതലെടുക്കാൻ മാർക്സിസ്റ്റുകൾ നടത്തിയ തന്ത്രം വിജയമായതാണു മാറാട്ടു കണ്ടതെന്ന് അവിടുത്തെ സാഹചര്യങ്ങളറിയാവുന്ന അനവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നമുക്കു മാർക്സിസ്റ്റുവിരോധികൾ എന്നു വിളിക്കാം. പക്ഷേ നാം നേരിട്ടു കണ്ടതും കേട്ടതുമായ മറ്റു പലതിൽ നിന്നും നാം എന്തു മനസ്സിലാക്കണം എന്നതാണൊരു ചോദ്യം.

ഇരു സമുദായത്തിലും പെട്ട ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു ആദ്യസംഭവത്തിൽ. അതിലൊരാളുടെ മകൻ നടത്തിയ പ്രതികാരം മാത്രമാണ് പിന്നീട് കൂട്ടക്കൊലയിൽ കണ്ടത് - എട്ടു പേർ പൂർണ്ണമായും ഡസനിൽപ്പരം ആളുകൾ ഭാഗികമായും നിർജ്ജീവമാകാൻ ഇടയാക്കിയത് - എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മാർക്സിസ്റ്റുകൾ!

അത്തരമൊരു പ്രതികാരം മാത്രമായിരുന്നെങ്കിൽ, പുറത്തുനിന്നുള്ള അനേകം ആളുകൾ ഉൾപ്പെടാനിടയായതെങ്ങനെ – എന്ന ലളിതമായ ചോദ്യത്തിനു പോലും മറുപടിയുണ്ടായില്ല.

വിദേശത്തു നിന്നുള്ള ഇടപെടൽ, വിവിധ സംഘടനകളുടെ പങ്ക്, മാസങ്ങൾ നീണ്ട ഗൂഢാലോചന - എല്ലാത്തിനേയും അങ്ങേയറ്റം നിസാരവൽക്കരിക്കുകയാണു സി.പി.എം. ചെയ്തത്! മനുഷ്യർ "പ്രതികാരം" ചെയ്യുമെന്ന് അവർ ആദ്യമായും അവസാനമായും വാദിച്ചു കണ്ടതും ഈ സംഭവത്തിലാണ്. അതുപോട്ടെ.

ജുഡീഷ്യൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടു കണ്ടിട്ടുള്ളവർ പറയുന്നത് സംഗതി അത്ര നിസാരമാണെന്നല്ല.

മാറാട് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുസ്ലിം മതമൌലികവാദികൾ, ഭീകരർ, മറ്റുശക്തികൾ എന്നിവരുൾപ്പെട്ട വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. (അധ്യായം 10 – പേജ് 254 – ഖണ്ഡിക 2)

മാർക്സിസ്റ്റുകാർ ഇതിനെയൊക്കെ നിസാരവൽക്കരിച്ചുകൊണ്ട് മിണ്ടാതിരിക്കുകയാണോ ചെയ്തത് അതോ ആ കണ്ടെത്തലിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് പുരോഗമനസാഹിത്യങ്ങളുടെ പ്രളയം തന്നെയുണ്ടായോ എന്നു വിവേകമുള്ളവർ ചിന്തിച്ചു നോക്കട്ടെ.

റിപ്പോർട്ടിൽ നിന്നു ലഭിക്കുന്ന മറ്റു ചില വിവരങ്ങൾ ഇങ്ങനെ:-

മുസ്ലീങ്ങളിൽ ഒരു വിഭാഗം പേർ മാറാടു കടപ്പുത്തുണ്ടായിരുന്ന ക്ഷേത്രത്തിനോടു ചേർന്ന് പള്ളിയായി ഉപയോഗിക്കുന്നതിനു വേണ്ടി അനധികൃത നിർമ്മാണം നടത്തി - മാർക്സിസ്റ്റുകൾ ഭരിക്കുന്ന പഞ്ചായത്ത്, അരയസമുദായത്തിന്റെ പരാതികളും എതിർപ്പുകളും നിരന്തരം അവഗണിച്ചതല്ലാതെ അനധികൃതനിർമ്മാണം തടയാൻ യാതൊരു നടപടിയും എടുത്തില്ല - അതു മാത്രമല്ല, അത് പള്ളി എന്ന നിലയിൽ ആരാധനയ്ക്കായി തുറന്നു കൊടുക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് കത്തെഴുതുക പോലും ചെയ്തു(!) - ആ കെട്ടിടം ഇപ്പോളും അവിടെയുണ്ട്.

ഇതെല്ലാം പോട്ടെന്നു വയ്ക്കാം.

ഏതു ചെറിയ തർക്കത്തിലും നിരന്തരമായി ഒരു പക്ഷം മാത്രം പിടിക്കുന്ന മാർക്സിസ്റ്റു പാർട്ടിയുടെ നയമാണ് തദ്ദേശീയരായ ഹിന്ദുക്കൾ, പ്രത്യേകിച്ച് അരയസമുദായക്കാർ ഒന്നടങ്കം സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ (പേജ് 104 - 106)

(ഇത്തരത്തിൽ അന്ധവും പലപ്പോഴും ആപൽക്കരവുമായ പക്ഷംപിടുത്തം മാറാടിന്റെ മാത്രം പ്രത്യേകതയല്ല. ഏതാണ്ട് എല്ലാക്കാര്യത്തിലും ഇന്നിപ്പോളത് അനുഭവവേദ്യമാണ്. ചിന്തിക്കാൻ തയ്യാറുള്ളവരെ സംബന്ധിച്ചിടത്തോളം.)

ഇതെല്ലാം കഴിഞ്ഞ്, കഴിഞ്ഞ ഒരു ലോക്‌‌സഭാ ഉപതെരഞ്ഞെടുപ്പിൽ, മുസ്ലിം സമുദായക്കാർക്കു ഭൂരിപക്ഷമുള്ള ചില തീരദേശകേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടേതായി ചില പോസ്റ്ററുകൾ പതിച്ചിരിക്കുന്നതായിക്കണ്ടു.

തലയ്ക്കു കയ്യും കൊടുത്ത് ആകെ വിഷണ്ണരായി ഇരിക്കുന്ന ചില മുസ്ലീം സ്ത്രീകളുടെ ചിത്രം.

എന്നിട്ടൊരു അടിക്കുറിപ്പും.

'മാറാട് - വർഗ്ഗീയതയുടെ ബാക്കി പത്രം' – എന്ന്!!!

ഏറ്റവും അടിയിൽ ചെറുതായി ഒരു അരിവാൾ ചിഹ്നവും!

സ്വന്തം നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും പോസ്റ്ററുകളിലൂടെ പ്രചരിപ്പിച്ചുമൊക്കെ രാഷ്ട്രീയപ്പാർട്ടികൾ വോട്ടുതേടുന്നുവെങ്കിൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അല്ലാതെന്തു പറയാൻ?

ദൈവാധീനത്തിന്, അവർ നിരന്നു കിടക്കുന്ന ജഢങ്ങൾക്കിടയിലിരുന്ന് അലമുയിടുന്ന അരയസ്ത്രീകളുടെ ചിത്രം കാട്ടിയിട്ട് അതു മുസ്ലീങ്ങളാണെന്നൊന്നും വാദിച്ചില്ല. അവരുടെ കുടുംബനാഥന്മാരെ ‘വംശഹത്യ’ നടത്തിയെന്നൊന്നും പറഞ്ഞുവച്ചില്ല. അവരെ വേട്ടക്കാർ’ ‘ഉന്മൂലനം’ ചെയ്യുമെന്നും രക്ഷിക്കാൻ തങ്ങളേയുള്ളെന്നുമൊക്കെയുള്ള അസംബന്ധവാദങ്ങൾ അവതരിപ്പിച്ചു വോട്ടു തേടിയില്ല. അത്രയുമെങ്കിലും നല്ലതെന്നു വേണം വിചാരിക്കാൻ.

പ്രിയ മാർക്സിസ്റ്റുകാരേ – ചോദിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടു ചോദിച്ചുപോകുകയാണ്. ഇതിന്റെയൊക്കെ നേരേ നിങ്ങൾ ഇനിയും കണ്ണടയ്ക്കുകയാണോ?

മാറാട്ട്‌, നിസാരമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പക്ഷം പിടിച്ചു വഷളാക്കിയതു മറക്കാം. കൂ‍ട്ടക്കൊലയിലും മറ്റും പ്രവർത്തകർ പ്രതിപ്പട്ടികയിലായതു മറക്കാം.

പക്ഷേ...

എട്ട്‌ ശവങ്ങളും ഡസനിലധികം ജീവച്ഛവങ്ങളും കണ്ട്‌ അലമുറയിടാൻ പോലുമാവാതെ ശ്വാസംനഷ്ടപ്പെട്ടു നിന്ന അരയസ്ത്രികളുടെ മുഖത്തേയ്ക്കു കാർക്കിച്ചുതുപ്പുന്ന മട്ടിലുള്ള ആ പോസ്റ്റർ!

അതെങ്കിലും ഒഴിവാക്കാമായിരുന്നു.

അരയസ്ത്രീകൾക്കു വേണ്ടി വാദിക്കണമായിരുന്നുവെന്നു പറയുന്നില്ല. അരയന്റെ വോട്ട്‌ അരിവാളിനല്ലാത്തിടത്തോളം കാലം അരയൻ ‘മാനവ’പക്ഷത്തല്ല - അവനു നീതിയുമില്ല. അവനത്‌ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, അതിനിടയിൽ‌പ്പോലും യാതൊരു ലജ്ജയുമില്ലാതെ തങ്ങളുടെ മുസ്ലീം ആഭിമുഖ്യം മാർക്കറ്റു ചെയ്തതിനു ശേഷം, മറുപടിയായി വോട്ടുതരൂ എന്ന അഭ്യർത്ഥന പരസ്യമായി നടത്തിയത്‌ - അതെങ്കിലും ഒഴിവാക്കണമായിരുന്നു.

ചെയ്തില്ല.

മനസ്സാക്ഷിയുള്ള ഏതെങ്കിലുമൊരു മാർക്സിസ്റ്റുകാരൻ ഇതുവായിക്കുന്നെങ്കിൽ - സുഹൃത്തേ - മനസ്സിലാക്കുക. അതീവഗുരുതരമായ പ്രവണതകളാണിതെല്ലാം. അതൊക്കെ മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നതിനുമുമ്പേ നിങ്ങൾ സ്വയം മനസ്സിലാക്കേണ്ടതാണ്. ഇനി അഥവാ ചൂണ്ടിക്കാട്ടിയാൽ‌പ്പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അതാണ് ഏറ്റവും ഗുരുതരം.

അതിനും മുമ്പ്, ലോക്‌‌സഭയിലേക്കുള്ള മുഖ്യതെരഞ്ഞെടുപ്പു തന്നെ നടന്നപ്പോൾ ആലപ്പുഴയിലെ തീരദേശങ്ങളിൽ മറ്റൊരു തന്ത്രമായിരുന്നു പരീക്ഷിക്കപ്പെട്ടത്. അതു പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജിനു' വോട്ടു ചെയ്യണമെന്നും, ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജ് കുരിശിങ്കലിന് ' വോട്ടു ചെയ്യണമെന്നും ചുവരെഴുതിക്കൊണ്ട്, “അടവുനയം” എന്നാലെന്താണെന്നു പഠിപ്പിച്ചുകളഞ്ഞു മാർക്സിസ്റ്റുകൾ!

അതൊക്കെ താരതമ്യേന നിരുപദ്രവകരമായ – പരോക്ഷവർഗ്ഗീയതയാണെന്നു വയ്ക്കാം. പക്ഷേ, മാറാട്ടെ കൂട്ടക്കൊലയുടെ മുറിവുണങ്ങും മുമ്പ്‌ അതിന്റെ പേരു പറഞ്ഞ് മുസ്ലീം സ്ത്രീകളുടെ ചിത്രം വച്ചു വോട്ടു പിടിച്ചത് കുറേക്കൂടി ഗൌരവമുള്ള പ്രത്യക്ഷവർഗ്ഗീയതയാണ്. ചോരയുടെ നിറമുള്ള കൂസിസ്റ്റു ഭീകരത തന്നെയാണിത്.

ആരും ചൂണ്ടിക്കാണിക്കുന്നില്ല എന്നു കരുതി ഇതൊക്കെ നിസാരമായിത്തള്ളാതിരിക്കുക, മാർക്സിസ്റ്റുകളേ. ചൂണ്ടിക്കാണിക്കുന്നവരുടെ നേരേ അനാ‍വശ്യമായി ചീറാതെയുമിരിക്കുക.


----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-

അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?

17 comments:

  1. മാറാട് കൂട്ടക്കൊലക്കേസിലെ വിധിവരാൻ ഇനി ദിവസങ്ങൾ മാത്രം. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ അവസാനനിമിഷം മലക്കം മറിഞ്ഞതുപോലെ, രാഷ്ട്രീയത്തിൽ പുത്തൻ “അടവുനയങ്ങൾ” പലതും ഇനിയും പിറക്കുന്നതു കാണേണ്ടിവരുമെന്നു തീർച്ച. ചിലതൊക്കെ ഓർത്തുവച്ച് ഒന്നു തയ്യാറെടുത്തിരിക്കുന്നതു നന്നാവും.

    ReplyDelete
  2. പ്രതിധ്വനിയുടെ വക പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രതീക്ഷിക്കുന്നു.


    മാധ്യമങ്ങള്‍ക്ക് പോലും കിട്ടാത്ത മൂന്നു കോടി(ഛേ, പറയുമ്പോ ഒരമ്പതെങ്കിലും പറയണം,ഇതൊരുമാതിരി)യുടെ കണക്ക, എടി‌എസിന്റെ ഏറ്റവും പുതിയ അന്വേഷണ റിപ്പോര്‍ട്ട്, സംശയിക്കുന്നവരുടെ പേരുകള്‍, അന്വേഷണം നീളുന്ന രഹസ്യപാതകള്‍ ഇവയൊക്കെ മറ്റാരും അറിഞ്ഞില്ല എങ്കിലും പ്രതിധ്വനിയെ പോലെ ചില മതേതരരും, പിന്നെ ദുബായിലുള്ള ചില ബ്ലോഗേഴ്സിനും കിട്ടുന്നുണ്ട്. അപ്പോള്‍ എടി‌എസിലെ ചിലര്‍ ദുബായ്ക്കാരാണ് :)

    എന്തായാലും പ്രതീക്ഷ അസ്ഥാനത്താവില്ല എന്ന് പ്രതീക്ഷിക്കാം, മുംബൈ അന്വേഷണം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നടത്തുന്നതിനു മുന്‍പേ RSS ആണു കുറ്റവാളികളെന്ന് കണ്ടുപിടിച്ച പ്രതിധ്വനിക്ക് മാറാട് ഒന്നുമില്ല.

    നകുലന്‍ ജാഗ്രതൈ.

    പ്രതിധ്വനിയുടെ വക സത്യം പുറത്ത് വരാന്‍ പോകുന്നു.

    പ്രതിധ്വനി ദുബായില്‍ നിന്ന് ആവണം, അതല്ലേ മറ്റ് ദുബായ് ബ്ലോഗേഴ്സിനു മാത്രം ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ പ്രതിധ്വനിക്കും ലഭിക്കുന്നത്.എന്തോ പ്രൊഫൈലില്‍ കാണാനില്ല.

    തെറി ആര്‍ക്കും ഇടാം അനോണി ആയി, അത് നകുലനായാലും പ്രതിധ്വനി ആയാലും ആര്‍ക്കും.

    പാര്‍ട്ടി ജാഥക്ക് നേരെ സ്വന്തം ആളുകളെ കൊണ്ട് കല്ലും ബോംബും എറിയിച്ച് വോട്ട് നേടുന്ന രാഷ്ട്രീയ തന്ത്രം ഇവിടെ ചര്‍ച്ചയ്ക്കിടയില്‍ അനോണി കമന്റിലൂടെയും നേടാം അല്ലെ?

    ReplyDelete
  3. WHAT ABOUT FIRST MARAD ?????

    PLZ OPEN YOUR KOOSISM

    ReplyDelete
  4. second marad is a revenge for first marad...

    ReplyDelete
  5. SO WAS GODHRA....

    ReplyDelete
  6. ഇപ്പോഴാണ് സി.ബി.ഐ അന്വേഷണം ഇടത് പക്ഷം ആവശ്യപ്പെട്ടതെന്നത് വസ്തുതാവിരുദ്ധം അല്ലേ നകുലന്‍ ജീ?

    ലിങ്കില്‍ ഇങ്ങനെ പറയുന്നു. അതിന്റെ തീയതി 2006 സെപ്തംബര്‍ 28.

    The Justice Joseph Commission recommended a Central Bureau of Investigation probe into the conspiracy involving fundamentalist forces and terrorists in the massacre. The Communist Party of India-Marxist government headed by Chief Minister V S Achuthanandan has requested the central government's permission to order a CBI probe.

    Most Kerala political parties have welcomed the CBI probe. But not many of them would perhaps like to read through the report that damns political parties.

    എത്ര സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂടി പ്രതിയായി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. റിപ്പോര്‍ട്ടില്‍ സംഘപരിവാറിന്റെ പങ്കിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല അല്ലേ? നന്നായി.

    സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ (പേജ് 104 - 106)

    റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെങ്കില്‍, ഇപ്പറഞ്ഞത് റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ ഉറപ്പിച്ചു പറഞ്ഞുകൂടെ?

    ReplyDelete
  7. >> [Anonymous said... 2:18 PM, December 07, 2008] “ഇപ്പോഴാണ് സി.ബി.ഐ അന്വേഷണം ഇടത് പക്ഷം ആവശ്യപ്പെട്ടതെന്നത് വസ്തുതാവിരുദ്ധം അല്ലേ

    [നകുലൻ] സി.ബി.ഐ. അന്വേഷണം ഇതിനു മുമ്പ് ഒരിക്കൽ‌പ്പോലും ആവശ്യപ്പെട്ടിരുന്നേയില്ല - എന്നൊരു അർത്ഥം വന്നുപോയിട്ടുണ്ടെങ്കിൽ അതൊരു പിഴവു തന്നെയാണ്. അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല.

    ഒരു തവണ ആവശ്യപ്പെട്ടിരുന്ന കാര്യം – “ഞങ്ങൾ മൂന്നു തവണ ആവശ്യപ്പെട്ടിരുന്നു“വെന്ന ആഭ്യന്തരമന്ത്രിയുടെ അവകാശവാദം - അതിനു ബി.ജെ.പി.യുടെ മറുപടി - എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഖണ്ഡിക കൂടി ആദ്യഭാഗത്ത് ഉണ്ടായിരുന്നതാണ്. നീളം കുറയ്ക്കാനുള്ള ശ്രമത്തിനിടെ അത് എഡിറ്റു ചെയ്തു കളഞ്ഞതാണ്. അതായിരിക്കണം അർത്ഥഭംഗം അനുഭവപ്പെടാൻ കാരണം.

    >> [Anonymous said... 2:18 PM, December 07, 2008] “ എത്ര സംഘപരിവാർ പ്രവര്‍ത്തകർ കൂടി പ്രതിയായി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. റിപ്പോര്‍ട്ടിൽ സംഘപരിവാറിന്റെ പങ്കിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല അല്ലേ? നന്നായി.

    [നകുലൻ] മാറാട്ടെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയത് ഏകപക്ഷീയമായ സംഭവമായിരുന്നു. അവിടെ എൻ.ഡി.എഫുകാരേയും സി.പി.എമ്മുകാരേയുമൊക്കെത്തന്നെയാണു പ്രതിപ്പട്ടികയിൽ പ്രതീക്ഷിക്കേണ്ടത്. സംഘപരിവാർ പ്രവർത്തകരെയല്ല. അതല്ല, ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്ന ആദ്യസംഭവമാണുദ്ദേശിച്ചതെങ്കിൽ എല്ലാവരുമുണ്ടാവും. സി.പി.എം. പ്രതികളുടെ എണ്ണവും അവിടെ കൂടുതലാണ് എന്നതു ശ്രദ്ധിക്കുക.

    പിന്നെ, ‘മാറാടു കൂട്ടക്കൊലയും മാർക്സിസ്റ്റുനിലപാടുകളും‘ എന്ന വിഷയം അവതരിപ്പിക്കപ്പെടുമ്പോൾ, അതിനു മുമ്പു നടന്ന ഒരു സംഭവത്തിലെ സംഘപരിവാർ പ്രവർത്തകർ കൂടിയായ പ്രതികളുടെ എണ്ണമെടുക്കേണ്ട യാതൊരു കാര്യവുമില്ലെന്നും, വെറുതെ ഒരു ആശ്വാസത്തിനു മാത്രം ചോദിച്ചതാണെന്നും, താങ്കൾക്കുമറിയാം – എനിക്കുമറിയാം.

    >> [Anonymous said... 2:18 PM, December 07, 2008] “ (ഏതു ചെറിയ തർക്കത്തിലും നിരന്തരമായി ഒരു പക്ഷം മാത്രം പിടിക്കുന്ന മാർക്സിസ്റ്റു പാർട്ടിയുടെ നയമാണ്) തദ്ദേശീയരായ ഹിന്ദുക്കൾ, പ്രത്യേകിച്ച് അരയസമുദായക്കാർ ഒന്നടങ്കം സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ (പേജ് 104 - 106)… റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെങ്കിൽ, ഇപ്പറഞ്ഞത് റിപ്പോര്‍ട്ടിലുണ്ടെങ്കിൽ ഉറപ്പിച്ചു പറഞ്ഞുകൂടെ?

    [നകുലൻ] തീർച്ചയായും ആവാമല്ലോ. റിപ്പോർട്ടു കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പിച്ചു തന്നെ പറയാമായിരുന്നു. കണ്ടിട്ടുള്ള മറ്റുള്ളവർ പറഞ്ഞ വിവരങ്ങളെ ആശ്രയിക്കുകയാണെന്നതു മുകളിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. “ജുഡീഷ്യൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടു കണ്ടിട്ടുള്ളവർ പറയുന്നത് സംഗതി അത്ര നിസാരമാണെന്നല്ല“ എന്നു പറഞ്ഞാണ് ആ ഭാഗങ്ങൾ ആരംഭിക്കുന്നത് എന്നതു ശ്രദ്ധിക്കുക.

    ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ വാക്കുകളിൽ നിന്നാണ് മേൽ‌പ്പറഞ്ഞഭാഗം ലഭിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തെ ഒട്ടും അവിശ്വസിക്കേണ്ടതില്ല. ലക്ഷക്കണക്കിന് ആളുകൾക്ക് വായിക്കാവുന്ന തരത്തിൽ അദ്ദേഹമതു പരസ്യമായി എഴുതിയിട്ടുമുണ്ട്. ആവശ്യമുണ്ടെങ്കിൽ, ഒരു മെയിൽ അയച്ചാൽ എന്റെ കയ്യിലുള്ള വിശദാംശങ്ങൾ നൽകാം. ഏകപക്ഷീയമായ പക്ഷം പിടുത്തം മറ്റെല്ലാ മേഖലകളിലും അനുഭവവേദ്യമാണ് എന്ന കൂട്ടിച്ചേർക്കൽ മാത്രമാണ് അവിടെ പൂർണ്ണമായും എന്റേതു മാത്രമായിട്ടുള്ളത്..

    റിപ്പോർട്ടു ഞാൻ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കിൽ - അതു പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധവുമല്ലെങ്കിൽ - അതിന്റെ ക്ലിപ്പിങ്ങുകളും മറ്റും കൊണ്ടു നിറഞ്ഞ് ഈ പോസ്റ്റ് ഒരുപക്ഷേ വല്ലാതെ നീണ്ടുപോയേനെ.

    qw_er_ty

    ReplyDelete
  8. നകുലന്‍ താന്കള്‍ പറഞ്ഞതു വളരെ ശരിയാണ് . കരുതിയിരിക്കെണ്ടിയിരിക്കുന്നു .

    ReplyDelete
  9. Great Blog here. Communists in kerala are the biggest hypocrites in India. If you really look at you can see that it’s not ism but caste and religion are driving leftist in kerala.

    ReplyDelete
  10. Nakulan-ji. Justice Thomas P. Joseph commission's report was made available in Mathrubhumi Online (as PDF files). See if you can download it. It has got all the witness statements, findings etc. A search in Google may also help you find it.
    http://mathrubhumi.com/2006_customimages/news/PF123172_marad01.pdf
    Also: http://en.wikipedia.org/wiki/Marad_massacre

    ReplyDelete
  11. പ്രിയ നകുലന്‍ ,
    ഒരു mail അയച്ചിരുന്നു , സംസാരിക്കാന്‍ ആഗ്രഹിക്കുന്നു .
    ദയവായി മറുപടി തരിക ..............

    ReplyDelete
  12. നകുൽ താങ്കളുടെ പോസ്റ്റുകൾ അല്പം നീളം കൂടുന്നു.ഇത് അല്പം കുറവുണ്ട്. പലപ്പോഴും വായനക്കാരെ ഇത് അലോസ്സരപ്പെടുത്തു.കാര്യങ്ങൾ പൽപോസ്റ്റിൽ ആയി അവതരിപ്പിക്കാമല്ലൊ?.

    മറ്റുള്ള സമുദായങ്ങൾ മതത്തിന്റെ പേരിൽ മത്സരിച്ച് മന്ത്രിസ്ഥാനങ്ങൾ നേടി നാട്ടിൽ അനുദിനം തങ്ങളുടെ സാമ്രാജ്യത്വം ഉറപ്പിക്കുമ്പൊൾ. സ്വന്തമായി ഒരു ഇലക്ഷനിൽ പോലും നിന്ന് ജയിക്കുവാൻ കഴിയാത്ത, ഇനിയും മാർക്കിസം പറഞും ഇസ്ന്ദാബദ് വിളിച്ചും പരസ്പരം കൊത്തിവീഴ്ത്തുന്ന (ആർ.എസ്.എസ്കാരന് മാർക്കിസ്റ്റുകാരനെ വധിക്കുമ്പോളും മറിച്ചും നഷ്ടം സംഭവിക്കുന്നത് ഭൂരിപക്ഷസമുദായത്തിനാണ്), ഇതിനിടയ്ല് ആണ് ചില സാംസ്കാരിക സംഘടനകളുടെ പേരിൽ ഉള്ള സകല പാർടികളിലും നുഴഞുകയരിയ ഭീകരന്മാ‍ാർ നടത്തുന്ന കൊലകൾ).അവരുടെ വിഷയം ഇങ്ങനെ എഴുതി എഴുതി സമയം പാഴാക്കുന്നഥിൽ എന്തുകാര്യം?

    ReplyDelete
  13. ഇടതുനേതാക്കൾ മികച്ച അഭിനേതാക്കൾ കൂടിയാണെന്നതും ശ്രദ്ധേയമാണ്

    ReplyDelete
  14. What happened to Nakulettan? No update yet.

    ReplyDelete
  15. Eagerly awaiting further updates. Hope he is keeping well. Kerala is not a good place, especially when the CPI(M) Kannur mafia is ruling the place :(.

    ReplyDelete
  16. Dear anonymous',

    I am just fine. Thanks for waiting and being concerned about me.

    Just had to take a short break, with many reasons working behind it. Mostly related to some personal commitments I had to fulfill and the extensive travel that came in between. That's all. I am almost done with those things - and hopefully I will be able to resume updating the blogs in a week's time from now.

    By the way, it seems I also need to mention this:- I have never had a problem from the “people” - the ‘mafia’ as you preferred to call them - in recent times. And, believe me - my relation with them is not as bad as one may tend to believe from my writings. But, irrespective of all those contacts and relations, the fact remains that not many people in the world like to be criticized and all critics are bound to keep that in mind. So, I do take care. Thanks.

    I have already written all the remaining parts of this series. What remains is the task of final editing and "spell check". Will try to be as fast as possible. In the mean time, you can always keep connected with me through E-mails.

    സ്നേഹപൂർവ്വം,
    നകുലൻ

    qw_er_ty

    ReplyDelete